
തിരുവനന്തപുരം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ 3 മണിക്കൂറിന് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. നേരത്തെ മണിക്കൂറുകളായി മുടങ്ങിയതോടെ തുടങ്ങിയ കടുത്ത പ്രതിഷേധം അടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് മണിക്കൂറുകളായി വൈദ്യതി മുടങ്ങിയത്. അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായിരുന്നു. രോഗികളും ബന്ധുക്കളും ആശുപത്രിയിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായതാണ് പ്രതിസന്ധി കൂട്ടിയത്. ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടലിന് പിന്നാലെ താൽക്കാലിക ജനറേറ്റർ എത്തിച്ചാണ് തത്കാലം പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. പി ഡബ്ല്യൂ ഡി ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതി പുനസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. അതേസമയം 3 മണിക്കൂറോളം വൈദ്യുതി ഇല്ലാതായത് ഐ സി യുവിലടക്കമുള്ള രോഗികളെ ബാധിച്ചിട്ടുണ്ടോ എന്നത് വരും മണിക്കൂറിലേ അറിയാനാകു.









