
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഇലക്ടറല്‍ ബോണ്ട് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ഇലക്ടറല്‍ ബോണ്ടുകളുടെ സീരീയല്‍ നമ്പറുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്.ബി.ഐ ഇന്ന് മറുപടി നല്‍കുമെന്നാണ് വിവരം. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് കണ്ടെത്താനാകും.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് എസ്.ബി.ഐ മറുപടി സത്യവാങ്മൂലം നല്‍കുന്നത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ എസ്.ബി.ഐ ഇന്ന് വിശദീകരണം നല്‍കിയേ മതിയാകൂ. എസ്.ബി.ഐ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് വിശദീകരണം നല്‍കേണ്ടത്.
2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 ഏപ്രില്‍ 11 വരെയുള്ള ബോണ്ട് വിവരങ്ങള്‍ കൂടി പുറത്തുവിടണമെന്ന ആവശ്യവും സുപ്രീം കോടതിയുടെ മുന്നിലുണ്ട്. സിറ്റിസണ്‍സ് റൈറ്റ്സ് വാച്ച് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സി.പി.എം, അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്നിവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചേക്കും.
അതേസമയം, ഡിഎംകെ, ആംആദ്മി തുടങ്ങിയ പത്ത് പാര്‍ട്ടികള്‍ ആരില്‍ നിന്നെല്ലാമാണ് സംഭാവനകള്‍ സ്വീകരിച്ചതെന്ന് വെളിപ്പെടുത്തിയപ്പോള്‍ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസോ ബി.ജെ.പിയോ ഇതുവരെ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.
SBI may reply on serial numbers of bonds in electoral bond case