
ന്യൂഡൽഹി: സുപ്രീം കോടതിയുടെ വിമർശനത്തിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ചു. ആരൊക്കെ ബോണ്ട് നല്‍കി ഇത് ഏതൊക്കെ പാര്‍ട്ടികള്‍ പണമാക്കി മാറ്റി എന്നിവയടങ്ങുന്ന വിവരമാണ് കൈമാറിയിട്ടുള്ളത്. അക്കൗണ്ട് നമ്പറും കെ.വൈ.സിയും ഒഴികെ ബാക്കി എല്ലാ വിവരവും ഉള്‍പ്പെടുന്ന കാര്യങ്ങൾ രണ്ടു പെൻഡ്രൈവുകളിലായാണ് കൈമാറിയത്.
ബാങ്ക് നൽകിയ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്ബിഐ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് ലിസ്റ്റുകൾ നൽകിയിരുന്നു, അവ മാർച്ച് 14 ന് പോൾ പാനൽ വെബ്‌സൈറ്റിൽ പുറത്തിറക്കി. ആദ്യത്തേതിൽ ദാതാക്കളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ വാങ്ങിയ തീയതികളും ഉണ്ടായിരുന്നു. മറ്റേതിൽ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ എൻക്യാഷ് ചെയ്ത തീയതികളും ഉണ്ടായിരുന്നു.
രണ്ട് പെന്‍ഡ്രൈവുകളില്‍ ഒന്നില്‍ പൂര്‍ണ വിവരവും രണ്ടാമത്തെ പെന്‍ഡ്രൈവില്‍ ഇവ സംരക്ഷിച്ചുപോന്ന പാസ്‌വേര്‍ഡുകളുമാണുള്ളത്. പെന്‍ഡ്രൈവുകളുടെ ഹാര്‍ഡ് കോപ്പി ആവശ്യമെങ്കില്‍ തരാമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്.
സീരിയൽ നമ്പറുകൾ ഉൾപ്പെടെയുള്ള ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഇന്ന് വൈകിട്ട് അഞ്ചിനകം വെളിപ്പെടുത്താനും സത്യവാങ്മൂലം സമർപ്പിക്കാനും തിങ്കളാഴ്ച സുപ്രീം കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നു.