
ദില്ലി: ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പള്ളിക്കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകി. പള്ളിയിൽ ഹിന്ദുക്കളെ പൂജ ചെയ്യാൻ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചത് ചോദ്യം ചെയ‌്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഹിന്ദു വിഭാഗത്തിന് നോട്ടീസ് നൽകിയ സുപ്രീം കോടതി, നിലവറയിലെ പൂജയ്‌ക്ക് സ്റ്റേ അനുവദിച്ചില്ല. ജൂലൈ മാസത്തിൽ കേസിൽ അന്തിമവാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതോടെ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ പൂജ തുടരാനാകും. ഗ്യാൻവാപിയിലെ തെക്കൻ നിലവറയിലെ പൂജ സ്റ്റേ ചെയ്യണമെന്ന മസ്‌ജിദ് കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറയിലെ പൂജ പള്ളിയിലെ നിസ്‌കാരത്തിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തൽക്കാലം രണ്ടും തുടരട്ടെ എന്ന് വ്യക്തമാക്കി. ജൂലൈ മാസത്തിൽ അന്തിമ വാദം കേട്ടശേഷം മറ്റ് കാര്യങ്ങൾ നോക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
SC refuses to stop Hindu prayers in Gyanvapi Mosque, seeks response from Kashi Vishwanath Temple trustees