165 അത്യാഢംബരം അപ്പാർട്ടുമെൻ്റുകളുള്ള എക്‌സ്‌ക്ലൂസീവ് പ്രൈവറ്റ് റെസിഡൻഷ്യൽ ഷിപ്പായ ദി വേൾഡിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതിനകത്ത് അല്പം സ്ഥലം സ്വന്തമാക്കുക എന്നത് അത്ര എളുപ്പമല്ല. ഒരു അപ്പാർട്ട്മെന്റ് വാങ്ങണമെങ്കിൽ കൈയിൽ എത്ര കാശുണ്ടായിട്ടും കാര്യമില്ല. തീർത്തും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ഈ കപ്പലിലെ താമസക്കാരിൽ ആരെങ്കിലും നിങ്ങളെ നാമനിർദ്ദേശം ചെയ്യുകയും മറ്റൊരാൾ അതിനെ പിന്തുണയ്ക്കുകയും വേണം. കൂടാതെ വാങ്ങുന്നയാൾക്ക് 10 മില്യൺ ഡോളറിൻ്റെ ആസ്തി നിർബന്ധമായും ഉണ്ടായിരിക്കണം.
എച്ച്ബിഒ സീരീസായ ദി വൈറ്റ് ലോട്ടസിലേതു പോലെ സ്വതന്ത്രമായി ഒഴുകുന്ന ഷാംപെയ്‌നും, പതിഞ്ഞ താളത്തിലുള്ള പാർട്ടികളും സ്വപ്നം കാണുന്ന ആളാണ് നിങ്ങളെങ്കിൽ ദി വേൾഡ് നിങ്ങൾക്കുള്ളതാണ്.
“ദി വൈറ്റ് ലോട്ടസിൽ സംഭവിച്ചതെല്ലാം ദി വേൾഡിൽ സംഭവിക്കുന്നുണ്ടെന്ന് ഞാൻ പറയുന്നില്ല, എന്നാൽ അതുമായി താരതമ്യം ചെയ്യുന്നതിൽ തെറ്റില്ല,” ദി വേൾഡിലെ മുൻ താമസക്കാരനായ പീറ്റർ അൻ്റോനൂച്ചി സിഎൻഎൻ ട്രാവലിനോട് പറയുന്നു.
“ഒരുപാട് സമ്പന്നരായ ആളുകൾ കളിയായ കാര്യങ്ങൾ ചെയ്യുന്നു, ചിലപ്പോൾ വികൃതികൾ, ചിലപ്പോൾ അപകീർത്തികരമായ കാര്യങ്ങളും ചെയ്യുന്നുണ്ട്.”
ആറ് വർഷം ദ വേൾഡിലെ താമസക്കാരനായിരുന്ന അന്റോനൂച്ചി മുൻ അഭിഭാഷകൻ കൂടിയാണ്. 2019-ലാണ് അദ്ദേഹം അപ്പാർട്ട്മെന്റ് വിറ്റത്. “ഭൂഗോളത്തെ പലതവണ ചുറ്റിക്കറങ്ങി. ഞാൻ കാണാൻ ആഗ്രഹിച്ചതെല്ലാം കണ്ടു കണ്ടു. പുതിയ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോഴാണ് അതു വിറ്റത്.”
അൻ്റോനൂച്ചി കപ്പലിനെ അടിസ്ഥാനമാക്കി മൂന്ന് നോവലുകൾ എഴുതി. അതിൽ ഏറ്റവും പുതിയത്, “ടൈഡ്സ് ഓഫ് ബിട്രയൽ” ആണ്. കപ്പലിനകത്തെ രഹസ്യങ്ങളും, ചതികളും അഴിമതികളും നോവലിൽ പറയുന്നു.
ദി വേൾഡിലെ ഓരോ അപ്പാർട്ട്മെന്റും വ്യത്യസ്തമാണ്. പല വലിപ്പത്തിലാണ്. 1.6 ബില്ല്യൺ ഡോളർ ചെലവാക്കിയാണ് അന്റോനൂച്ചി തന്റെ ആദ്യ അപ്പാർട്ട്മെന്റ് വാങ്ങിയത്.