
ആലപ്പുഴ: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ സീപ്ലെയിനോട് ആലപ്പുഴയില്‍ എതിര്‍പ്പ് ശക്തം. മത്സ്യത്തൊഴിലാളികളെ ബാധിക്കുമെന്ന ആശങ്കയാണ് മുഖ്യമായും ഉയര്‍ത്തിക്കാട്ടുന്നത്.
മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറികൂടിയായ പിപി ചിത്തരഞ്ജന്‍ എം.എല്‍.എ വ്യക്തമാക്കി. ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിനെന്നും, അതുകൊണ്ട് തന്നെ ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഭാഗം. മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷകരമല്ലാത്ത വിധത്തിലാണ് പദ്ധിതിയെങ്കില്‍ അംഗീകരിക്കുമെന്നും വ്യക്തമാക്കി.
അഷ്ടമുടിയിലോ പുന്നമടക്കായലിലോ സീപ്ലെയിന്‍ പദ്ധതി അനുവദിക്കില്ലന്ന് സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറിയും മത്സ്യത്തൊഴിലാളി നേതാവുമായ ടി.ജെ. ആഞ്ചലോസും നിലപാടിലുറച്ചു നില്‍ക്കുകയാണ്. ഡാമിലോ മത്സ്യബന്ധനമില്ലാത്ത ജലാശയങ്ങളിലോ സീപ്ലെയിന്‍ പറക്കുന്നതു കൊണ്ട് വിരോധമില്ല. പക്ഷെ, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന രീതിയില്‍ സര്‍വിസ് നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീപ്ലെയിന്‍ പദ്ധിതിക്കെതിരെ ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ സമരം ചെയ്തിരുന്നു. 11 വര്‍ഷം മുമ്പ് കൊല്ലത്തും ആലപ്പുഴയിലും കൊണ്ടുവരാന്‍ ആലോചിച്ച പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചതെന്നും അന്നത്തെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും ടി.ജെ. ആഞ്ചലോസും പറയുന്നു.
ഇന്നലെയാണ് പദ്ധതിയുടെ പരീക്ഷണഘട്ടം കൊച്ചിയില്‍ നിന്നും ഇടുക്കിയിലേക്ക് നടത്തിയത്. ബോള്‍ഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിന്‍ മാട്ടുപ്പെട്ടി ഡാമിലാണ് ലാന്‍ഡ് ചെയ്തു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സ്ഥലം ഏറ്റെടുപ്പെന്ന വെല്ലുവിളിയും ഉള്‍പ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയില്‍ എത്തിപെടുക എന്ന വെല്ലുവിളിയും സീ പ്ലെയിന്‍ കൊണ്ട് മറികടക്കാന്‍ കഴിയുമെന്ന് മന്ത്രി റിയാസ് അഭിപ്രായപ്പെട്ടിരുന്നു.