ക്വാലാലംപൂർ: ലോകത്തെ മൊത്തം ആശയക്കുഴപ്പത്തിലാക്കി കാണാതായ മലേഷ്യൻ വിമാനത്തിനായി വീണ്ടും തിരച്ചിൽ ആരംഭിക്കാൻ സാധ്യത. പത്തു വർഷം മുമ്പാണ് എംഎച്ച് 370 എന്ന മലേഷ്യൻ വിമാനം യാത്രമധ്യേ കാണാതായത്. വിമാനം തകർന്നു വീണിരിക്കാമെന്നു കരുതുന്ന ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖലയിലാണ് വീണ്ടും തിരച്ചിൽ ആരംഭിച്ചേക്കുക. തിരച്ചിലിനായി യുഎസ് ടെക്നോളജി കമ്പനിയായ ഓഷൻ ഇൻഫിനിറ്റി സന്നദ്ധത അറിയിച്ചു. മലേഷ്യൻ സർക്കാരും വിമാനം കണ്ടെത്താൻ താൽപര്യം പ്രകടിപ്പിച്ചു.
2014 മാർച്ച് എട്ടിന് രാത്രിയിലാണ് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം എംഎച്ച് 370 ക്വാലലംപുരിലെ എയർപോർട്ടിൽനിന്നു ബെയ്‌ജിങ്ങിലേക്ക് പറന്നുയർന്നത്. സാഹറി അഹമ്മദ് ഷാ എന്ന അനുഭവ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ഒരു ഉപ പൈലറ്റും 10 ഫ്ലൈറ്റ് അറ്റൻഡന്റുമാരും 227 യാത്രക്കാരുമടക്കം വിമാനത്തിൽ ആകെ 239 പേർ. ഇതിൽ 5 ഇന്ത്യക്കാരുമുണ്ടായിരുന്നു. പുലർച്ചെ ഒരുമണിയോടെ 35,000 അടി ഉയരത്തിൽ നിന്ന് വിമാനം എയർ ട്രാഫിക് കൺട്രോൾ സ്റ്റേഷനിലേക്കു സന്ദേശമയച്ചു. എന്നാൽ വിമാനം വിയറ്റ്നാമീസ് വ്യോമമേഖലയുടെ സമീപമെത്തിയെങ്കിലും അവിടെ റിപ്പോർട്ടു നൽകിയില്ല.
പൈലറ്റുമായി ബന്ധപ്പെടാനുള്ള വിയറ്റ്നാമീസ് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെക്കൻ ചൈനാക്കടലിൽ വച്ചുതന്നെ വിമാനം ദിശ മാറിയിരുന്നുവെന്നും മലേഷ്യയ്ക്കു കുറുകെ പറന്ന വിമാനം പിന്നീട് മലാക്ക കടലിടുക്കിനു നേർക്കും അവിടെനിന്നു വടക്കുപടിഞ്ഞാറൻ ദിശയിൽ ആൻഡമാൻ കടലിനു നേരെയുമാണു പറന്നതെന്ന് മലേഷ്യൻ സൈനിക റഡാറുകൾ കണ്ടെത്തി. 2.22നു സൈനിക റഡാറിന്റെ പരിധിയിൽനിന്നു വിമാനം അപ്രത്യക്ഷമായി.
പിന്നീട് ലോക ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം നീണ്ട തിരച്ചിൽ നടത്തിയെങ്കിലും വിമാനത്തിന്റെ തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചു. കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് വിമാനത്തിന്റെ അവശിഷ്ടം താൻ കണ്ടിരുന്നതായി ഓസ്ട്രേലിയൻ മത്സ്യബന്ധന തൊഴിലാളി അവകാശപ്പെട്ടിരുന്നു.
search for missing mh370 may start again