
മേപ്പാടി: വയനാട് ജില്ലയിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ അകപ്പെട്ട് കാണാതായവർക്കായി നാളെയും മറ്റന്നാളും ചാലിയാറിൽ വിശദമായ പരിശോധന. അഞ്ച് സെക്ടററുകളായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊലീസ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, ഫോറെസ്റ്റ്, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം തിരച്ചിലിനുണ്ടാകും. പരപ്പൻപാറ മുതൽ മുണ്ടേരി വരെയാണ് തിരച്ചിൽ നടത്തുക.
ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ മഴ തുടരുന്നതിനാല്‍ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ചാറ്റല്‍ മഴ മാത്രമേ പെയ്യുന്നുള്ളൂവെങ്കിലും ഈ അന്തരീക്ഷത്തില്‍ ശരിയായ വിധത്തിലും സുരക്ഷിതമായും തിരച്ചില്‍ നടത്താന്‍ കഴിയില്ല എന്നതിനാലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.
ഇന്ന് നടത്തിയ ജനകീയ തിരച്ചിലിൽ മൂന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ജനകീയ തിരച്ചിലിന് രണ്ടായിരത്തോളം വളണ്ടിയർമാരാണ് പങ്കെടുത്തത്. ബാധിക്കപ്പെട്ടവരെ താത്കാലികമായി മാറ്റിപ്പാർപ്പിക്കാനായി 253 വാടക വീടുകൾ കണ്ടെത്തി. വാടക വീട്ടിലേക്ക് മാറുന്നതിൽ പരമ പ്രധാനം ക്യാമ്പിൽ താമസിക്കുന്നവരുടെ അഭിപ്രായമാണ്. 14 ക്യാമ്പുകളിലായാണ് ദുരന്തബാധിതർ കഴിയുന്നത്. താൽക്കാലിക പുനരധിവാസം നാല് ഘട്ടങ്ങളിലായി നടക്കുമെന്നും വേഗത്തിലാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം , മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.