തിരച്ചില്‍ നിര്‍ത്തില്ല; നദി അനുകൂലമായാല്‍ ഇന്നും തുടരും, ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് എത്തിക്കും

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ കര്‍ണാടക അവസാനിപ്പിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തെരച്ചില്‍ തുടരുമെന്ന് അറിയിപ്പ്. മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തിരച്ചില്‍ അവസാനിപ്പിക്കുയാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.

കേരള – കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം കര്‍ണാടക എടുത്തത്.

അതേസമയം, തെരച്ചില്‍ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരില്‍ നിന്ന് എത്തിക്കാനാണ് നീക്കം. ചെളിയും മണ്ണും ഇളക്കി മാറ്റി ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക് എത്തും. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ് നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റര്‍മാര്‍ പോകുന്നത്. 18 മുതല്‍ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കര്‍ണ്ണാടക കളക്ടര്‍ തൃശൂര്‍ കളക്ടറോട് വിവരം തേടിയിരുന്നു.

നദിയിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ അവസ്ഥ ഉണ്ടായാല്‍ മാത്രമേ ഇന്ന് പരിശോധന നടത്തൂ. ഈശ്വര്‍ മാല്‍പെ, നേവി, എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ എല്ലാവരുംകൂടെ ഒന്നിച്ച് ശ്രമിച്ചിരുന്നുവെന്നും നിലവിലെ അവസ്ഥയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയിലും പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide