
ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ പതിമൂന്നാം ദിവസത്തിലേക്ക്.
തിരച്ചിലിന് വെല്ലുവിളിയായി ഗംഗാവാലിപ്പുഴയിലെ അടിയൊഴുക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. അതേസമയം, ഇന്നലെ മുതല്‍ സജീവ തിരച്ചിലിലേക്ക് എത്തിയ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും സംഘവും ഇറങ്ങുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. അല്‍പ സമയത്തിനകം അവലോകന യോഗം ചേരും.
അതേസമയം, കാര്‍വാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം മാല്‍പെയുടെ സംഘം സ്വന്തം റിസ്‌കില്‍ പുഴയിലിറങ്ങി തിരച്ചില്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ അടിയൊഴുക്കുണ്ടായിട്ടും ജീവന്‍ പണയംവെച്ചാണ് ഇന്നലെ ഏഴ് തവണ ഈശ്വര്‍ മാല്‍പെ ഗംഗാവലിയില്‍ പരിശോധന നടത്തിയത്. അതിനിടെ മാല്‍പെയുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടി 150 മീറ്ററിലേറെ അദ്ദേഹം ഒഴുകിപ്പോകുകയും സൈന്യം രക്ഷപെടുത്തുകയും ചെയ്യുന്നതടക്കമുള്ള പ്രതിസന്ധികളായിരുന്നു ഇന്നലെ ഉണ്ടായത്. എന്നിട്ടും പിന്മാറാതെ സധൈര്യം തിരച്ചിലുമായി അദ്ദേഹം മുന്നോട്ട് പോകുകയായിരുന്നു.









