
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് സമീപം പാമ്പിനെ കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി. പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നുവിട്ടു. വിഷമില്ലാത്ത ഇനത്തിൽ പെട്ട പാമ്പിനെയാണ് പിടികൂടിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ശേഷം സന്നിധാനത്തുനിന്ന് ഇതുവരെ 33 പാമ്പുകളെ പിടികൂടിയെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. 5 അണലികളെയും 14 കാട്ടുപാമ്പുകളെയും ഉൾപ്പെടെയാണ് പിടികൂടിയത്. പാമ്പുകളെ വനം വകുപ്പ് ഉൾവനത്തിൽ വിട്ടു. കൂടാതെ സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉൾവനത്തിൽ വിട്ടെന്നാണ് കണക്ക്.
തീർത്ഥാടന കാലം സുരക്ഷിതമാക്കുന്നതിന് വനം വകുപ്പ് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സന്നിധാനത്തെ വനം വകുപ്പ് സ്പെഷ്യൽ ഓഫീസർ ലിതേഷ് ടി പറഞ്ഞു. തീർത്ഥാടനത്തിനു മുന്നോടിയായി പരമ്പരാഗത പാതകളിൽ അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മരച്ചില്ലകൾ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്കോഡുകളും ഉൾപ്പെടെയുള്ള വനപാലകർ തീർത്ഥാടകരുടെ സുരക്ഷ ഒരുക്കാൻ സജ്ജരാണ്.