
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. സെർച്ച് വാറന്റുമായി 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘമാണ് എത്തിയത്. രണ്ട് മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്റെ ഫോണുകൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. കേജ്റിവാളിൻ്റെ വസതിക്കു പുറത്ത് ആപ് പ്രവർത്തകരും മന്ത്രിമാരും തടിച്ചു കൂടിയിട്ടുണ്ട്. റാപിഡ് ആക്ഷൻ ഫോഴ്സ് അടക്കം വൻ സേനാ വിന്യാസവും വീടിനു പുറത്തുണ്ട്.
എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) നീക്കത്തെ ശക്തമായി അപലപിച്ചു.
“ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിനെ അവരുടെ സഹോദരനായി കണക്കാക്കുന്നു. എഎപി സർക്കാർ അവർക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു, മിണ്ടാതിരിക്കില്ല,” അതിഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി എട്ടു തവണ സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ കവിത അറസ്റ്റിലായി ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇഡി സംഘം ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.









