
ബംഗളൂരു: കര്‍ണാടകത്തിന് കേന്ദ്രത്തില്‍ നിന്ന് വേണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ദക്ഷിണേന്ത്യക്ക് ‘പ്രത്യേക രാജ്യം’ ആവശ്യപ്പെടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് എംപി ഡികെ സുരേഷ് വിവാദത്തിലേക്ക്.
ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനോട് പ്രതികരിക്കവെ, ബജറ്റിന്റെ പിന്നില്‍ ദക്ഷിണേന്ത്യയോട് അനീതി കാണിക്കുന്നുവെന്ന് ഡികെ സുരേഷ് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ എത്തേണ്ടിയിരുന്ന ഫണ്ടുകള്‍ വകമാറ്റി ഉത്തരേന്ത്യയിലേക്ക് വിതരണം ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ‘വിഭജിച്ച് ഭരിക്കുന്ന’ ചരിത്രമുണ്ടെങ്കില്‍, അതിന്റെ എംപി ഡികെ സുരേഷ് ഇപ്പോള്‍ വടക്കും തെക്കും വിഭജിക്കണമെന്ന് ആഗ്രഹിക്കുവെന്നാണ് ഡികെ സുരേഷിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് കീഴില്‍ കര്‍ണാടകയിലേക്കുള്ള നികുതി വിഭജനം എങ്ങനെ വര്‍ദ്ധിച്ചുവെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ നിരത്തിയാണ് തേജസ്വി സൂര്യ പ്രതികരിച്ചത്.
‘ഒരു വശത്ത്, അവരുടെ നേതാവ് രാഹുല്‍ ഗാന്ധി തന്റെ ‘ജോഡോ’ യാത്രകളിലൂടെ രാജ്യത്തെ ‘ഒരുമിപ്പിക്കാന്‍’ ശ്രമിക്കുന്നു, മറുവശത്ത്, രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു എംപി നമുക്കുണ്ട്.എന്നും ഇത് വളരെ മോശമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
അതേസമയം, തന്റെ സഹോദരനായ ഡികെ സുരേഷ് ജനങ്ങളുടെ അഭിപ്രായം മാത്രമാണ് പ്രകടിപ്പിച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞു.
അഖണ്ഡ ഭാരതത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും ജനങ്ങളുടെ അഭിപ്രായം മാത്രമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും അവഗണിക്കപ്പെടുന്നതുകൊണ്ടാണ് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. രാജ്യം ഒന്നാണ്. ഇന്ത്യ ഒരുമിച്ചായിരിക്കണം. നമ്മള്‍ എല്ലാവരും ഒന്നാണ്. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നമ്മള്‍ ഒന്നാണ്. ഓരോ ഗ്രാമത്തിനും നീതി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.