ബിഹാറില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം, 7 ഭക്തര്‍ മരിച്ചു

പട്ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് ഭക്തര്‍ മരിച്ചു. ബാരാവര്‍ കുന്നുകളിലെ ബാബ സിദ്ധേശ്വര്‍ നാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 35 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. പരിക്കേറ്റവര്‍ പ്രാദേശിക മഖ്ദുംപൂര്‍, സദര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായാണ് ഇക്കുറിയും ഭക്തര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടിയതെന്നും ഇതിനിടെയാണ് തിരക്ക് വര്‍ദ്ധിച്ച് അപകടമുണ്ടായതെന്നും ജഹാനാബാദിലെ ടൗണ്‍ ഇന്‍സ്പെക്ടര്‍ ദിവാകര്‍ കുമാര്‍ വിശ്വകര്‍മ സ്ഥിരീകരിച്ചു.

ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില സന്നദ്ധപ്രവര്‍ത്തകര്‍ ഭക്തര്‍ക്ക് നേരെ ലാത്തികള്‍ വീശിയെന്നും ഇത് തിരക്കില്‍ അപകടത്തിന് ആക്കം കൂട്ടിയെന്നും ചിലര്‍ ആരോപിച്ചു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.