
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ള വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്ന് ജീവനൊടുക്കേണ്ടി വന്ന സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വീടിനു മുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും. സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനാണെന്നും ഫ്ലക്സ് ബോർഡിൽ പറയുന്നു. എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർഥന്റെ മരണത്തിൽ കോളജ് യൂണിയൻ പ്രസിഡന്റ് അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരാണു പൊലീസ് പിടിയിലായത്. അതേസമയം, സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ലെന്നു കുടുംബം പറഞ്ഞു. ‘‘വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ സിദ്ധാർഥന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ക്രിമിനലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും കൃത്യമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്യുക. നീതിക്കായി എന്നും കുടുംബത്തോടൊപ്പം’’–ഫ്ലക്സ് ബോർഡിൽ പറയുന്നു. അതേസമയം, ഫ്ലക്സ് ബോർഡിനെതിരെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സിപിഎം പതിനൊന്നാം കല്ല് യൂണിറ്റും ഡിവൈഎഫ്ഐ യൂണിറ്റുമാണ് ബോർഡ് സ്ഥാപിച്ചത്. ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
SFI install flex board for siddharthan’s death












