
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോൺഗ്രസ് യുവ എം എൽ എ ഷാഫി പറമ്പിലിന്‍റെ രൂക്ഷ പരിഹാസം. മോദിയോട് പിണറായി വിജയനെ താരതമ്യം ചെയ്തുകൊണ്ടാണ് ഷാഫി പറമ്പിൽ എം എൽ എയുടെ പരിഹാസം. കര്‍ഷകരെ നേരിടുന്ന കാര്യത്തിൽ നരേന്ദ്ര മോദിയും കരിങ്കൊടി സമരക്കാരെ നേരിടുന്ന കാര്യത്തിൽ പിണറായിയും തമ്മിൽ വലിയ സാമ്യതയാണുള്ളത്. ഇവർ തമ്മിൽ ആകെയുള്ളത് 3 വ്യത്യാസം മാത്രമാണ്. കോട്ട്, താടി, ഹിന്ദി എന്നിവയാണ് മോദിയും പിണറായിയും തമ്മിൽ ആകെയുള്ള വ്യത്യാസമെന്നും ഷാഫി പറമ്പിൽ വിവരിച്ചു.
ലക്ഷണമൊത്തൊരു ഏകാധിപതിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും നിയമസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷാഫി അഭിപ്രായപ്പെട്ടു. സർക്കാരിനോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമോ ചര്‍ച്ചയ്ക്കുള്ള അവസരമോ കേരളത്തിലും ഉണ്ടാകുന്നില്ലെന്നും പാലക്കാട് എം എൽ എ ആരോപിച്ചു. യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിലെ എഫ് ഐ ആറിനെയും ഷാഫി വിമർശിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തില്‍ നിന്നിറങ്ങിയവരാണ് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നതെന്ന് ചൂണ്ടികാട്ടിയ ഷാഫി, ഇവർ ആരാണെന്ന് അറിയില്ലേ എന്നും ചോദിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക എന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലിയെന്നും വാഹനത്തില്‍ നിന്നും ഇറങ്ങി പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഒരു അവകാശമില്ലെന്നും ഷാഫി വിമർശിച്ചു.
Shafi Parambil compares CM Pinarayi vijayan with PM Modi