ഹസീനയ്ക്ക് അടിതെറ്റി; പിന്നാലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയെ മോചിപ്പിക്കാൻ ബംഗ്ലാദേശ് പ്രസിഡൻ്റ്

ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെ വർഷങ്ങളായി തടങ്കലിൽ കഴിയുന്ന അവരുടെ മുഖ്യഎതിരാളി ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടു. 2018 ലാണ് അഴിമതിക്കേസിൽ 17 വർഷത്തെ തടവുശിക്ഷ വിധിച്ചത്. 78 കാരിയായ ഖാലിദ സിയ, ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു.

മുൻ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയെ നിരവധി കേസുകളിൽ പ്രതി ചേർത്താണ് ഷെയ്ഖ് ഹസീന ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. വിദ്യാർഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ പേരെയും മോചിപ്പിക്കാനും തീരുമാനിച്ചതായും പ്രസിഡന്റിന്റെ വാർത്താവിഭാഗം പ്രസ്താവനയിൽ അറിയിച്ചു.

കരസേനാ മേധാവി ജനറൽ വാഖിറുസ്സമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബി.എൻ.പി, ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിനുശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അടിയന്തരമായി ഇടക്കാല സർക്കാർ രൂപവത്കരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ ക്രമസമാധാനനില സാധാരണ നിലയിലാക്കാനുള്ള നടപടികൾ സൈന്യം സ്വീകരിച്ചുവരുന്നതായി പ്രസിഡന്റ് അറിയിച്ചു.

More Stories from this section

family-dental
witywide