ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന ബംഗ്ലാദേശ് എംപിയെ അതി ദാരുണമായി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൃതദേഹം തൊലിയുരിഞ്ഞ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച് വെട്ടിമുറിച്ചെന്നും നഗരത്തിലുടനീളം നിരവധി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി ഇട്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കൊല്‍ക്കത്തയില്‍ എത്തി രണ്ട് ദിവസത്തിന് ശേഷം മെയ് 14 മുതല്‍ എംപി അന്‍വാറുള്‍ അസിം അനറിനെ കാണാതായിരുന്നു. മുംബൈയില്‍ താമസിച്ചിരുന്ന ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്‍ ജിഹാദ് ഹവ്ലാദറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഹണി ട്രാപ്പിലൂടെയാണ് ഇദ്ദേഹത്തെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചതെന്നും വിവരം.
ബംഗ്ലാദേശ് വംശജനായ യുഎസ് പൗരനായ അക്തറുസ്സമാന്‍ ആയിരുന്നു മുഖ്യ സൂത്രധാരന്‍ എന്ന് ഹവ്ലാദാര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. അക്തറുസ്സമാന്‍ പറഞ്ഞതനുസരിച്ച്, ഹവ്ലാദറും മറ്റ് നാല് ബംഗ്ലാദേശ് പൗരന്മാരും ചേര്‍ന്ന് ന്യൂ ടൗണ്‍ അപ്പാര്‍ട്ട്മെന്റില്‍ വച്ച് എംപിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അന്‍വാറുള്‍ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.