
മുംബൈ: നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്കുമുന്നില്‍ വെടിവെയ്പ്പുനടത്തിയ കേസില്‍ ഒരാള്‍ക്കൂടി കസ്റ്റഡിയിലായി. ഹരിയാനയില്‍ നിന്നാണ് പ്രതിയെ ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
സല്‍മാന്‍ ഖാനെതിരെ കൊലവിളി നടത്തിയ ലോറന്‍സ് ബിഷ്ണോയി സംഘത്തിനും വെടിവെപ്പ് നടത്തിയ വിക്കി ഗുപ്ത (24), സാഗര്‍ കുമാര്‍ പാലക് (21) എന്നിവരുമായും ബന്ധമുള്ള ആളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെ 4:55 ന്, നടന്‍ താമസിക്കുന്ന മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാര്‍ട്ട്മെന്റിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേര്‍ അഞ്ച് റൗണ്ട് വെടിവെച്ച് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇവര്‍ പിടിയിലായി. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ ഈ രണ്ട് പ്രതികളെയും തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.
വെടിവയ്പ്പ് നടത്തിയതിനു തലേദിവസമായ ഏപ്രില്‍ 13 ന് രാത്രി ബാന്ദ്ര പ്രദേശത്ത് നിന്ന് രണ്ട് പ്രതികളിലൊരാളായ സാഗര്‍ കുമാര്‍ പാലക്കിന് ഒരാള്‍ തോക്ക് നല്‍കിയതായി വിവരമുണ്ട്. പക്ഷേ, ആയുധം നല്‍കിയ വ്യക്തി ആരാണെന്നത് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
Shooting in front of Salman Khan’s residence: One more person in custody