
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷിക്ക് ഇലക്ഷന്‍ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ബിജെപിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം അവര്‍ നടത്തിയ പ്രസ്താവന തന്നെയാണ് അതിഷിയെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നത്.
തനിക്കും മറ്റ് മൂന്ന് എഎപി നേതാക്കളായ സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുര്‍ഗേഷ് പഥക് എന്നിവര്‍ക്കും ബിജെപിയില്‍ ചേരാന്‍ സമ്മര്‍ദ്ദമുണ്ടെന്നും അല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം അതിഷി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. താനുമായി വളരെ അടുത്ത വ്യക്തിയെയാണ് ബിജെപി ഇതിനായി സമീപിച്ചതെന്നും അതിഷി പറഞ്ഞിരുന്നു. ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബുധനാഴ്ച, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ, അതിഷി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. ഇതോടെ അതിഷിക്ക് കുരുക്ക് മുറുകുകയായിരുന്നു. അതിഷി തന്റെ ആരോപണങ്ങള്‍ വ്യക്തമായ തെളിവുകള്‍ സഹിതം തെളിയിക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാണ് തന്നെ സമീപിച്ചത്, എങ്ങനെ, എപ്പോള്‍ എന്നതിന് തെളിവ് നല്‍കുന്നതില്‍ അതിഷിയെ വെല്ലുവിളിച്ച വീരേന്ദ്ര സച്ച്‌ദേവ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി പ്രതിസന്ധിയിലാണെന്നും അതിനാലാണ് അവര്‍ നിരാശയില്‍ നിന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പരിഹസിച്ചു. മാത്രമല്ല, ഞങ്ങള്‍ അവരെ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 2 ന് നല്‍കിയ അപകീര്‍ത്തി നോട്ടീസ് പ്രകാരം ബിജെപിക്കെതിരെ നടത്തിയ പ്രസംഗം ഉടന്‍ പിന്‍വലിക്കാനും ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലുമടക്കം ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം അതിഷിക്കെതിരെ ക്രിമിനലും സിവില്‍ നടപടികളും ആരംഭിക്കുമെന്നും വ്യക്തമാക്കുന്നു.
ഡല്‍ഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് രണ്ട് മുതിര്‍ന്ന എഎപി നേതാക്കളും ഇതിനകം ജയിലിലാണ്. ഒക്ടോബറില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ജയിലില്‍ മോചിതനായത്.