
കേന്ദ്രാവഗണനയ്‌ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധമായ ‘ചലോ ഡൽഹി’യ്ക്ക് ആരംഭം. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഇന്ന് രാവിലെ പതിനൊന്നോടെ ജന്തർമന്തറിൽ പ്രതിഷേധ പരിപാടികൾക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മുഴുവൻ കർണാടക മന്ത്രിസഭയും ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.
കേന്ദ്രത്തിന് നൽകുന്ന ഓരോ 100 രൂപയ്ക്കും 13 രൂപയാണ് സംസ്ഥാനത്തിന് പ്രതിഫലമായി തിരിച്ച് ലഭിക്കുന്നതെന്നും കർണാടകയോട് കേന്ദ്ര ചെയ്യുന്നത് സാമ്പത്തിക അനീതിയാണെന്നും പ്രതിഷേധത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘#MytaxMyRight’ (എന്റെ നികുതി, എന്റെ അവകാശം) എന്ന ഹാഷ്‌ടാഗോടെ സമൂഹമാധ്യമങ്ങളിലും കോൺഗ്രസ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ സമാനമായ വിഷയത്തിൽ കേരളത്തിൽ നിന്നും ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡൽഹി സമരം നാളെ 11 മണിക്ക് നടക്കും. നൽകുന്ന നികുതി വിഹിതത്തിനനുസരിച്ച് ന്യായമായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നാണ് കർണാടകയും കേരളവും ഒരുപോലെ ഉന്നയിക്കുന്ന ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്തിമാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടെ നാളത്തെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കത്തയച്ചിരുന്നു. ഡിഎംകെ, ആർജെഡി, ആം ആദ്‌മി പാർട്ടി, നാഷനൽ കോൺഫറൻസ്, ജെഎംഎം, എൻസിപി എന്നീ പ്രതിപക്ഷ കക്ഷികളും പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ അറിയിച്ചു.
Siddaramaiah’s Delhi protest over injustice to Karnataka began