
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സിദ്ധാര്‍ത്ഥന്റെമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്റെറിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് മറികടന്നാണ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാന്‍ മാനേജിങ് കൗണ്‍സില്‍ നീക്കം നടത്തിയത്. ഈ തീരുമാനമാണ് ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. ഭരണസമിതി യോഗത്തിന്റെ മിനിറ്റ്‌സും ഗവര്‍ണര്‍ മരവിപ്പിച്ചു.
കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.