
തിരുവനന്തപുരം: യുവ നടിയെ ബലാത്സംചെയ്‌തെന്ന കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.
ചോദ്യംചെയ്യലിനോട് സഹകരിക്കാത്ത നടന്‍ പലതും മറന്നു പോയെന്ന ഉത്തരമാണ് നല്‍കുന്നതെന്നും ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങള്‍ കൈമാറാന്‍ തയ്യാറായില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുറത്ത് നില്‍ക്കുന്ന സിദ്ദിഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുന്‍പ് കള്ളത്തരം പുറത്തു കൊണ്ടുവരണമെന്നും സര്‍ക്കാര്‍ അറിയിച്ചു. സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്താണ് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബലാല്‍സംഗ കേസില്‍ സിദ്ദിഖിന് സെപ്റ്റംബര്‍ 30നാണ് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചത്. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് ജാമ്യം. അറസ്റ്റുണ്ടായാല്‍ വിചാരണക്കോടതി നിര്‍ദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.