
കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ രണ്ടാം വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ എസ് എഫ് ഐ നേതാക്കളും പിടിയിൽ. സിദ്ധാർഥിനെ ആക്രമിച്ചതിൽ പ്രധാന പങ്കുവഹിച്ച കോളേജിലെ എസ് എഫ് ഐ നേതാക്കളായ 3 പേരാണ് പൊലീസിന്‍റെ പിടിയിലായത്. ആദ്യം അറസ്റ്റിലായ യൂണിയൻ സെക്രട്ടറി അഭിഷേകിന് പിന്നാലെ
കോളേജ് യൂണിയൻ പ്രസിഡന്‍റ് കെ അരുണും എസ് എഫ് ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനുമാണ് ഇപ്പോൾ കീഴടങ്ങിയത്.
ഡി വൈ എസ് പി ഓഫീസിൽ എത്തിയാണ് കോളേജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ കീഴടങ്ങിയത്. ഇതിന് പിന്നാലെയാണ് എസ് എഫ് ഐ കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ ആദ്യം പ്രതി ചേർത്ത 12 പേരിൽ ഉണ്ടായിരുന്നവരാണ് ഇവർ. കേസുമായി ബന്ധപ്പെട്ട് നേരിട്ട് പങ്കാളിത്തമുള്ള പ്രതികളിൽ ഇനി കണ്ടെത്താൻ ഉള്ളത് 8 പേരെയാണ്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വൈകാതെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവെക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂചന നൽകിയിട്ടുണ്ട്.
Sidharth death case 3 SFI leaders arrested latest updates