
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ മരണം സംബന്ധിച്ചുള്ള കേസന്വേഷണം സി ബി ഐ ഏറ്റെടുത്തു. അന്വേഷണം സി ബി ഐക്ക് കൈമാറിക്കൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആത്മഹത്യപ്രേരണ, കൊലപാതകം, ഗുഢാലോചന തുടങ്ങിയ കാര്യങ്ങൾ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നതാണ് സി ബി ഐക്ക് കൊടുത്തിട്ടുള്ള നിർദ്ദേശം. കേസന്വേഷണം സി ബി ഐ ഏറ്റെടുത്തത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്രം സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്.
അതിനിടെ രാത്രിയോടെ തന്നെ കേസ് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്നുള്ള സി ബി ഐ സംഘം കേരളത്തിലെത്തി. മരണം സംബന്ധിച്ച പ്രാഥമിക വിവര ശേഖരണത്തിനാണ് സി ബി ഐ കേരളത്തിലെത്തിയത്. സിദ്ധാർത്ഥിന്റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡി വൈ എസ് പിയുമായി സി ബി ഐ സംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്.