
തിരുവനന്തപുരം: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയെ അടിമുടി വിറപ്പിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണ്‍ രംഗത്ത്. കാസ്റ്റിംഗ് കൗച്ച്’ കോണ്‍ഗ്രസിലുമുണ്ടെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും വ്യക്തമാക്കിയ അവര്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്.
ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. സമയം വരുമ്പോള്‍ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്നെന്നും സിമി റോസ്‌ബെല്‍ പറഞ്ഞു.
അര്‍ഹതയുള്ളവര്‍ക്കല്ല, കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതെന്നും ജെബി മേത്തര്‍ എംപിയെ പരാമര്‍ശിച്ച് സിമി വിമര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസില്‍ ഒരേയൊരു വോട്ട് കിട്ടിയ ജെബി മേത്തറെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയാക്കിയതിനെക്കുറിച്ചും അപ്പോള്‍ താന്‍ അടക്കമുള്ളവര്‍ മൗനം പാലിച്ചുവെന്നും ചൂണ്ടിക്കാട്ടിയ സിമി വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ് സ്ഥാനമാനങ്ങളില്‍ ഇരിക്കുന്നതെന്നും വ്യക്തമാക്കി.