
ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍പ്പെടുകയും ഒരു യാത്രികന്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.
ചൊവ്വാഴ്ച എസ്‌ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തില്‍ തങ്ങള്‍ വളരെ ഖേദിക്കുന്നുവെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് സിഇഒ ഗോ ചൂന്‍ ഫോംഗ് ഖേദ പ്രകടനം നടത്തിയത്.
ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-300ER വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 37,000 അടി ഉയരത്തിലെത്തിയപ്പോള്‍ ആകാശച്ചുഴില്‍പ്പെട്ട് വിമാനം ആടി ഉലയുകയും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ഹൃദയാഘാതത്തില്‍ ഒരു യാത്രികന്‍ മരിക്കുകയും ചെയ്തിരുന്നു.