ബെന്‍ അഫ്‌ലെക്കില്‍ നിന്ന് ‘മോചനം’; രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ കോടതിയെ സമീപിച്ച് ജെന്നിഫര്‍

മാസങ്ങള്‍ നീണ്ട വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് ശേഷം താര ദമ്പതികളായ ഗായിക ജെന്നിഫര്‍ ലോപ്പസും നടനും സംവിധായകനുമായ ബെന്‍ അഫ്‌ലെക്കും വിവാഹമോചനത്തിലേക്ക്. ജെന്നിഫര്‍ ഔദ്യോഗികമായി അപേക്ഷ നല്‍കി.

കോടതി രേഖകള്‍ അനുസരിച്ച്, ജെന്നിഫര്‍ ലോപ്പസ് അവരുടെ രണ്ടാം വിവാഹ വാര്‍ഷിക ദിനമായ ഓഗസ്റ്റ് 20 ചൊവ്വാഴ്ചയാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ഈയിടെ തന്റെ വിവാഹ ബാന്‍ഡ് ധരിച്ച് ശ്രദ്ധയില്‍പ്പെട്ട ഹിറ്റ്‌മേക്കര്‍ ജന്നെിഫര്‍ ഈവര്‍ഷം ഏപ്രില്‍ 26 ന് തങ്ങള്‍ വേര്‍ പിരിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. ബെന്‍ രണ്ടാമതും ജെന്നിഫര്‍ നാലാമതും വിവാഹമോചനം നേടുന്നത് ശ്രദ്ധേയമാണ്.

ഔദ്യോഗികമായി വിവാഹമോചനം നേടുന്നതിന് അഫ്‌ലെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫര്‍ ആവശ്യപ്പെട്ടുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജെന്നിഫര്‍ പണം ചെലവഴിക്കുന്ന രീതിയില്‍ അഫ്ളെക്കിന് എതിര്‍പ്പുണ്ടായിരുന്നുവെന്നാണു വിവരം. അത് ഇരുവര്‍ക്കുമിടയില്‍ കല്ലുകടിയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2001 ല്‍ ‘ഗിഗ്ലി’ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും ആദ്യമായി കണ്ടുമുട്ടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. 2002 ല്‍ വിവാഹം നിശ്ചയം കഴിഞ്ഞെങ്കിലും 2004 ഓടെ ജെന്നിഫര്‍ പിന്മാറി. പിന്നീട് ഇരുവരും വേറെ പങ്കാളികളെ തിരഞ്ഞെടുത്തു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം. മുന്‍ പങ്കാളികളുമായി പിരിഞ്ഞ് 2022 ലായിരുന്നു ഇവരുവരും വീണ്ടും ഒന്നായത്.

More Stories from this section

family-dental
witywide