
കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയുടെ പേരെടുത്ത് പറഞ്ഞ് നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് സി പി എം ജനറൽ സെക്രട്ടറി രംഗത്ത്. പിണറായിയുടെ രാഹുൽ വിമർശനം വ്യക്തിപരമായി കാണേണ്ടതില്ലെന്നും വിഷയാധിഷ്ഠിതമായി വിമർശനത്തെ ഉൾക്കൊണ്ടാൽ മതിയെന്നുമാണ് യെച്ചൂരി പ്രതികരിച്ചത്. സി പി എം തന്നെയാണ് പൗരത്വ നിയമത്തിൽ ഉൾപ്പെടെ നിയമപരവും രാഷ്ട്രീയവുമായ നിലപാട് സ്വീകരിച്ചതെന്നും കോൺഗ്രസിന് ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ഇതാണ് രാഹുലിനെതിരെയും വിമർശനമുയരാൻ കാരണമെന്നും സി പി എം ജനറൽ സെക്രട്ടറി ചൂണ്ടികാട്ടി. ഇക്കുറി കേരളത്തിൽ എൽ ഡി എഫ് കൂടുതൽ സീറ്റുകൾ നേടുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം കോട്ടയം ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തിയ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ന് വീണ്ടും രൂക്ഷ വിമർശനം നടത്തി. കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. തന്നെ 24 മണിക്കൂറും വിമർശിക്കുന്ന പിണറായി ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. മറുവശത്ത് ബി ജെ പിയാകട്ടെ കേരള മുഖ്യമന്ത്രിയെ എതിർക്കുകയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെ 2 മുഖ്യമന്ത്രിമാർ ജയിലിലുള്ളപ്പോഴാണ് പിണറായിയെ ബി ജെ പി ഒന്നും ചെയ്യാത്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതിശയം തോന്നുന്ന കാര്യം ബി ജെ പി കേരള മുഖ്യമന്ത്രിയെ മാത്രം ഒന്നും ചെയ്യുന്നില്ല എന്നതിലാണെന്നും ഇ ഡി പിണറായിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചില്ലെന്നും രാഹുൽ വിവരിച്ചു. വയനാട്ടിലും കോഴിക്കോടും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ രാഹുൽ കോട്ടയത്തും വിമർശനം ആവർത്തിച്ചത്.
sitaram yechury comments on cm pinarayi vijayan critics against rahul gandhi