
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരമാണെന്നും അദ്ദേഹം ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണെന്നും പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പ്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്നാണ് യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യെച്ചൂരിയുടെ ജീവൻ നിലനിർത്തുന്നത്. 48 മണിക്കൂർ നിർണായകമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
ഈ മാസം 19-നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.
ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. നിലവിൽ യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് പാർട്ടി കൂട്ടിച്ചേർത്തു. ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘം അദ്ദേഹത്തിൻ്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
യെച്ചൂരിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും സിപിഎം നേരത്തെ പറഞ്ഞിരുന്നു. യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ മരണശേഷം ഓഗസ്റ്റ് 22 ന് 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശവും അദ്ദേഹം പുറത്തുവിട്ടിരുന്നു.