‘ന്യായ് കാ ഹഖ് മില്‍നേ തക്’, ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യവും ലോഗോയും എത്തി

ന്യൂഡല്‍ഹി: വന്‍ വിജയമായ ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യവും ലോഗോയും പ്രകാശനം ചെയ്തു.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന അനാച്ഛാദന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കമ്മ്യൂണിക്കേഷന്‍സ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്, ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

ന്യായ് കാ ഹഖ് മില്‍നേ തക് എന്നതാണ് യാത്രയുടെ മുദ്രാവാക്യം. ഈ മാസം 14 മുതല്‍ ആരംഭിക്കുന്ന യാത്ര രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കുന്നതിനുള്ള തങ്ങളുടെ ശക്തമായ ചുവടുവയ്പ്പാണെന്ന് ഖാര്‍ഗെ പറഞ്ഞു.

ലോഗോ പ്രകാശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കാനും ഖാര്‍ഗെ മറന്നില്ല. വംശീയ കലാപം നടന്ന മണിപ്പൂരില്‍ പ്രധാനമന്ത്രി ഇതുവരെ സന്ദര്‍ശനം നടത്താന്‍ തയ്യാറായിട്ടില്ല എന്ന് മോദിക്കെതിരായ വിമര്‍ശനവും ഖാര്‍ഗെ നടത്തി.

ന്യായ് യാത്ര 14ന് ഇംഫാലില്‍ നിന്ന് ആരംഭിച്ച് 6,713 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 100 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 337 നിയമസഭാ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലൂടെയുമാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുക. മാര്‍ച്ച് 20, 21 തിയ്യതികളിലായി മുംബൈയില്‍ വച്ചാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനം.

More Stories from this section

family-dental
witywide