‘വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്പ്, ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും’

ന്യൂഡല്‍ഹി: മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായ ബ്രിജ്ഭൂഷണെതിരെ കുറ്റം ചുമത്തിയ കോടതി നടപടി വിജയത്തിലേക്കുള്ള ചെറിയ ചുവടുവയ്‌പെന്ന് വിശേഷിപ്പിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക്. തങ്ങളുടെ പോരാട്ടത്തിന്റെ അടുത്ത ചുവടാണെന്നും ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടും എന്നും ഗുസ്തി താരം സാക്ഷി. നടപടി മൂലം ഫെഡറേഷനിലെ ലൈംഗിക ചൂഷണം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരകളായവര്‍ അനുഭവിച്ചത് നാളെ വരുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കരുതെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

ബിജെപി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയുമായ ബ്രിജ്ഭൂഷണെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിലാണ് കേസ്. ബലപ്രയോഗത്തിലൂടെ ലൈംഗിക പീഡനം അടക്കമുള്ള കുറ്റംചുമത്താന്‍ മതിയായ വസ്തുതകള്‍ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. വനിതാ താരങ്ങള്‍ നല്‍കിയ ആറു കേസുകളില്‍ അഞ്ചെണ്ണത്തിലും ബ്രിജ് ഭൂഷണിനെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഒളിമ്പ്യന്‍മാരായ സാക്ഷി മാലിക്കിന്റെയും വിനേഷ് ഫോഗട്ടിന്റെയും നേതൃത്വത്തില്‍ നിരവധി വനിതാ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ മാസങ്ങളോളം പ്രതിഷേധം നടത്തിയിരുന്നു.