‘അദ്ദേഹത്തിന് ഇത്രയധികം പ്രാധാന്യം നല്‍കരുത്’; രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്‍ 79ഉം കോണ്‍ഗ്രസ് ബിജെപിക്ക് വിട്ടുനല്‍കുന്നതിന്റെ സൂചനയാണിതെന്ന് അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാത്തതിനെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി.

രാഹുലിനെ അമേഠിയില്‍ മത്സരിക്കാന്‍ നിരന്തരം വെല്ലുവിളിച്ച സമൃതി ഇറാനി രാഹുലിന്റെ പിന്മാറ്റ തീരുമാനത്തിന് പിന്നാലെ അമിത ആത്മവിശ്വാസത്തിലാണ്. 2019ല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക സീറ്റാണ് റായ്ബറേലിയെന്നും 2019ല്‍ താന്‍ പരാജയപ്പെടുത്തിയ രാഹുല്‍ തനിക്കെതിരെ മത്സരിക്കില്ലെന്നും എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

അന്നത്തെ സംഭവവികാസങ്ങള്‍ എങ്ങനെയാണ് കണ്ടതെന്ന ചോദ്യത്തിന്, വനിതാ-ശിശുവികസന മന്ത്രിയായ സ്മൃതി ഇറാനി പറഞ്ഞത് ‘കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വവും മുഴുവന്‍ ഗാന്ധി കുടുംബവും അമേഠിയിലെ ഒരു പോരാട്ടത്തില്‍ നിന്ന് പിന്മാറിയത് പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു, കാരണം എന്നെ സംബന്ധിച്ചിടത്തോളം അത് അമേഠിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയത്തിന്റെ വിളംബരമാണ്’ എന്നാണ്.

അമേഠിയില്‍ 40 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ്മയ്ക്ക് പകരം ടിക്കറ്റ് ലഭിച്ചതിനെ കുറിച്ചും താഴെത്തട്ടിലുള്ള പ്രവര്‍ത്തകന് അവസരം നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നതിനെ കുറിച്ചും വേണ്ടത്ര രാഷ്ട്രീയം കണ്ട ആളുകള്‍ക്ക് ഇതെല്ലാം അറിയാമെന്നാണ് അവര്‍ പറഞ്ഞത്. ഗാന്ധി കുടുംബത്തിന് വിജയിക്കാനുള്ള ഒരു കണിക പോലും ഉണ്ടായിരുന്നെങ്കില്‍, അവര്‍ ഇവിടെ അമേഠിയില്‍ യുദ്ധം ചെയ്യുമായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന്, 2019 ല്‍ സിറ്റിംഗ് കോണ്‍ഗ്രസ് അധ്യക്ഷനെ പരാജയപ്പെടുത്തിയപ്പോള്‍ തന്നെ താന്‍ ചരിത്രം സൃഷ്ടിച്ചുവെന്നാണ് ഇറാനി മറുപടി നല്‍കിയത്.

രാഹുല്‍ ഗാന്ധിക്ക് ഇത്രയധികം പ്രാധാന്യം നല്‍കേണ്ട കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി രാഷ്ട്രീയ കുടുംബത്തില്‍ നിന്നും എല്ലാ സുഖസൗകര്യങ്ങളോടെയും വന്ന ആളാണെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും സ്മൃതി ചൂണ്ടിക്കാട്ടി. 2015ല്‍ തന്നെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള നേതാവായി എന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്റെ കരിയറിനും പേരിനും വേണ്ടി ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നും അവര്‍ വ്യക്തമാക്കി. ബിജെപിയുടെ ഒരു സാധാരണ പ്രവര്‍ത്തകയ്ക്ക് ഗാന്ധി സന്തതിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2019-ല്‍ സീറ്റ് നഷ്ടപ്പെട്ട് ഇപ്പോള്‍ ദിനേശ് പ്രതാപ് സിങ്ങിനെതിരെ റായ്ബറേലി പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍, രാഹുലിന് അവിടെ നിന്ന് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം വയനാട്ടില്‍ നിന്ന് മത്സരിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതുപോലെ ആത്മവിശ്വാസമുണ്ടെങ്കില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മണ്ഡലം വിട്ടുകൊടുക്കില്ലായിരുന്നുവെന്നും സ്മൃതി കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide