
അമേഠി: അമേഠിയില്‍ പണിത പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വ്യാഴാഴ്ച ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് സ്മൃതി ഇറാനിയും ഭര്‍ത്താവ് സുബിന്‍ ഇറാനിയും ചേര്‍ന്ന് ഗൃഹപ്രവേശ ചടങ്ങുകള്‍ നടത്തി.
അമേഠിയില്‍ താന്‍ തിരഞ്ഞെടുക്കപ്പെടുക ആണെങ്കില്‍ ആ നാട്ടില്‍ തന്നെ ഒരു സ്ഥിരം വിലാസം ഉണ്ടാക്കുമെന്ന് 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സ്മൃതി ഇറാനി പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിച്ചാണ് മന്ത്രി അമേഠിയില്‍ സ്വവസതി നിര്‍മ്മിച്ചത്. വീട് നിര്‍മ്മിക്കുന്നതിനായി അമേഠിയിലെ ഗൗരിഗഞ്ച് പ്രദേശത്ത് 34 സെന്റ് ഭൂമിയായിരുന്നു സ്മൃതി ഇറാനി വാങ്ങിയിരുന്നത്.
2021 ഫെബ്രുവരിയിലാണ് സ്മൃതി ഇറാനി സ്വന്തമായി ഭൂമി വാങ്ങുന്നത്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗൃഹപ്രവേശ ചടങ്ങുകള്‍ നടത്തിയതിലൂടെ അമേഠിയിലെ ജനങ്ങള്‍ക്കിടയിലുള്ള തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് സ്മൃതി ഇറാനി.
ധൈര്യമുണ്ടെങ്കില്‍ അമേഠിയില്‍ നിന്ന് തന്നെ പരാജയപ്പെടുത്താന്‍ സ്മൃതി ഇറാനി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ചിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് വന്‍ വിജയം നേടിയിരുന്നു.