
മലപ്പുറം: മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി കടത്തിയതായി റിപ്പോര്‍ട്ട്. രാത്രിയില്‍ അരിച്ചാക്കുകള്‍ സ്വകാര്യ വാഹനത്തില്‍ കടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അരിക്കടത്ത് ചൂണ്ടിക്കാട്ടി പഞ്ചായത്തംഗം ഹുസൈന്‍ ബാബു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കി.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുളള മുട്ടയും പാലും സ്‌കൂളില്‍ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണെന്ന് പരാതിക്കാരനായ ഹുസൈന്‍ ബാബു ആരോപിച്ചു. അരിക്കടത്തിന് പിന്നില്‍ സ്‌കൂളിലെ അധ്യാപകന്‍ തന്നെയന്നാണ് ആരോപണം. നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തി. അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പരാതിക്കാരന്‍ പറഞ്ഞു.
അതേസമയം ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. പ്രചരിച്ച ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നും കണക്കുകള്‍ കൃത്യമാണെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഇതു സംബന്ധിച്ച് ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പിടിഎ പ്രസിഡന്റ് സി കെ മുഹമ്മദ് പറഞ്ഞു.