
ബംഗളൂരു: 10 മഞ്ഞ അനക്കോണ്ടകളെ കടത്താൻ ശ്രമിച്ചതിന് ബംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ചെക്ക്-ഇൻ ബാഗേജിലാണ് പാമ്പുകളെ ഒളിപ്പിച്ചിരുന്നത്.
ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തതായി ബംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. “യാത്രക്കാരനെ അറസ്റ്റ് ചെയ്തു, അന്വേഷണം നടക്കുന്നു. വന്യജീവി കടത്ത് വെച്ചുപൊറുപ്പിക്കില്ല.” ചിത്രങ്ങൾ സഹിതമാണ് ബംഗളൂരു കസ്റ്റംസ് അധികൃതർ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ 10 മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതർ കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന് കൈമാറും.
മഞ്ഞ അനക്കോണ്ട ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പാണ്. പരാഗ്വേ, ബൊളീവിയ, ബ്രസീൽ, വടക്കുകിഴക്കൻ അർജൻ്റീന, വടക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലാണ് മഞ്ഞ അനക്കോണ്ടകൾ സാധാരണയായി കാണപ്പെടുന്നത്.
വന്യജീവികളെ കടത്തുന്നത് ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമാണ്. ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം 234 വന്യജീവികളെയാണ് കടത്തുകാരിൽ നിന്ന് പിടികൂടിയത്. കങ്കാരുക്കുഞ്ഞിനെ വരെ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചിട്ടുണ്ട്.