‘വ്യാജന്മാരെ’ വലയിലാക്കി എ.ഐ ; ഇതുവരെ വിച്ഛേദിച്ചത് 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍, 45 ലക്ഷം സ്പാം കോളുകള്‍ തടഞ്ഞു

ന്യൂഡല്‍ഹി: വ്യാജന്മാരെ വലയിലാക്കാന്‍ എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മൊബൈല്‍ ഫോണുകള്‍ക്കും സ്പാം കോളുകള്‍ക്കുമെതിരെ വ്യാപക നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. വ്യാജ രേഖകള്‍ ഉപയോഗിച്ച് വാങ്ങിയ 1.77 കോടി മൊബൈല്‍ കണക്ഷനുകള്‍ ഇതുവരെ വിച്ഛേദിച്ചു. കൂടാതെ, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി (DoT) പ്രവര്‍ത്തിക്കുന്ന നാല് ടെലികോം സേവന ദാതാക്കള്‍ ഇന്ത്യന്‍ ടെലികോം നെറ്റ്വര്‍ക്കില്‍ എത്തുന്നതില്‍ നിന്ന് 45 ലക്ഷം സ്പാം അന്താരാഷ്ട്ര കോളുകള്‍ തടഞ്ഞു.

മാത്രമല്ല, വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്ത മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 11 ലക്ഷത്തോളം അക്കൗണ്ടുകള്‍ ബാങ്കുകളും പേയ്മെന്റ് വാലറ്റുകളും മരവിപ്പിച്ചിട്ടുണ്ടെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം പറഞ്ഞു. ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ എത്തുന്ന കോളുകള്‍ ഇല്ലാതാക്കുന്ന ഒരു കേന്ദ്രീകൃത സംവിധാനം വൈകാതെ എത്തുമെന്നും മന്ത്രാലയം പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളിലോ തട്ടിപ്പിലോ ഉള്‍പ്പെട്ട 2.29 ലക്ഷം മൊബൈല്‍ ഫോണുകളുടെ കണക്ഷന്‍ റദ്ദാക്കി. മോഷ്ടിച്ച/നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 21.03 ലക്ഷം മൊബൈല്‍ ഫോണുകളില്‍ 12.02 ലക്ഷം കണ്ടെത്തി. വിച്ഛേദിക്കപ്പെട്ട കണക്ഷനുകളുമായി ബന്ധിപ്പിച്ച 11 ലക്ഷത്തോളം വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ വിച്ഛേദിക്കപ്പെട്ടു. 71,000 സിം ഏജന്റുമാരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 365 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.