ബിജെപിയിൽ ചേരാനായി ഇ പി ജയരാജൻ ഡൽഹിയിലെത്തി, തലേന്ന് പിന്മാറി: ശോഭ സുരേന്ദ്രൻ

ബിജെപിയിൽ ചേരുക എന്ന ഉദ്ദേശ്യത്തോടെ ഇപി ജയരാജൻ ഡൽഹിയിലെത്തിയെന്നും ബിജെപി പ്രവേശന പ്രഖ്യാപനത്തിന്റെ തലേന്ന് പെട്ടെന്നു പിന്മാറിയെന്നും ശോഭ സുരേന്ദ്രൻ. ” ബിജെപിയിൽ ചേരുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഡൽഹിയിൽ വന്നത്. ഹോട്ടൽ ലളിതിൽ വച്ച് ഞാനും ദല്ലാൾ നന്ദകുമാറും ഇപിയും സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന് ഒരു ഫോൺ വന്നു. അതോടെ അദ്ദേഹം വല്ലാത്ത ടെൻഷനിലായി. പിറ്റേന്ന് ബിജെപിയിൽ ചേരാനുള്ള തയാറെടുപ്പ് നടത്തിയിരിക്കെ അദ്ദേഹം പെട്ടെന്ന് പിന്മാറി. നമുക്ക് ഒന്നു നീട്ടി വയ്ക്കേണ്ടി വരുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയാണ് തീരുമാനിച്ചിരുന്നത് . അന്ന് അദ്ദേഹത്തെ ആരാണ് വിളിച്ചതെന്ന് എനിക്ക് അറിയില്ല’ – ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഡൽഹി മിഷൻ നടക്കാതെ പോയെങ്കിലും പിന്നീട് നന്ദകുമാർ പറഞ്ഞതിനെ തുടർന്ന് ഇപിയെ വീണ്ടും തൃശൂർ രാമനിലയത്തിൽ വച്ച് കണ്ടു. എം.വി. ഗോവിന്ദൻ്റെ യാത്ര തൃശൂരിൽ എത്തിയ ദിവസമായിരുന്നു അന്ന്. അന്ന് കണ്ടപ്പോൾ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും അതിനാൽ ബിജെപി പ്രവേശം മാറ്റി വയ്ക്കേണ്ടി വരുമെന്നും പിന്നീട് അറിയിക്കാമെന്നും ഇപി പറഞ്ഞതായും ശോഭ വെളിപ്പെടുത്തി.

പിന്നീട് താൻ കൊച്ചിയിലുള്ള ഒരു ദിവസം ജയരാജൻ പറഞ്ഞിട്ടെന്നു പറഞ്ഞ് മറ്റൊരാൾ തന്നെ വിളിക്കുകയും ജയരാജൻ്റെ മകനെ അവിടെ ഒരു ഹോട്ടലിൽ വച്ച് കാണുകയും ചെയ്തു. ജയരാജൻ പറഞ്ഞപോലെ യാദൃച്ഛികമായി കണ്ട് നമ്പർ വാങ്ങിയതല്ല. ശോഭ വ്യക്തമാക്കി

കേരളത്തിലെ പല പാർട്ടികളിലെ 9 നേതാക്കളുമായി ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും ശോഭ വെളിപ്പെടുത്തി. രാഷ്ട്രീയ നീതിബോധമുള്ളതുകൊണ്ടാണ് അതൊക്കെ അന്ന് പറയാതിരുന്നത്. തനിക്കെതിരെ നന്ദകുമാറിനെ ഇറക്കി സിപിഎം കളിച്ചതുകൊണ്ടാണ് ഇപ്പോൾ ഇപിയുടെ കാര്യം പുറത്തു പറയേണ്ടി വന്നത്. – ശോഭ പറഞ്ഞു. ദല്ലാൾ നന്ദകുമാറിനെ താൻ വിളിച്ചതല്ലെന്നും ഇപി തൻ്റെ അടുത്തേക്ക് അയാളെ അയയ്ക്കുകയായിരുന്നു എന്നും ശോഭ പറഞ്ഞു.

അതിനിടെ ശോഭാ സുരേന്ദ്രനെ തനിക്ക് പരിചയമില്ലെന്ന വാദം ഇപി ഇന്നലെയും ആവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിനിടെ ദൂരെ നിന്ന് കണ്ടതല്ലാതെ താനവരെ കണ്ടിട്ടുപോലുമില്ല എന്നാണ് ഇപിയുടെ വാദം.