
ശ്രീകുമാര്‍ ഉണ്ണിത്താന്‍
ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയില്‍ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ പ്രവര്‍ത്തകനായ മത്തായി ചാക്കോ മത്സരിക്കുന്നു. ന്യൂ യോര്‍ക്കില്‍ നിന്നുള്ള ഈ പ്രമുഖ നേതാവ് ഫൊക്കാനയുടെ ഇപ്പോഴത്തെ റീജണല്‍ വൈസ് പ്രസിഡന്റ് (റീജിയന്‍ 3 )ആയും പ്രവര്‍ത്തിക്കുന്നു. സജിമോന്‍ ആന്റണി നേതൃത്വം നല്‍കുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
മികച്ച സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍, സംഘടനാ പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി മേഖലകളില്‍ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് മലയാളികളുടെ അഭിമാനമായ മത്തായി ചാക്കോ ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.അദ്ദേഹം 2022ല്‍ ഫ്‌ലോറിഡയില്‍ നടന്ന ഫൊക്കാന മഹാസമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. മുമ്പ് നിരവധി ഫൊക്കാന കണ്‍വെന്‍ഷനുകളിലും സുവനീര്‍ കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിക്കുകയും നിരവധി കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂ യോര്‍ക്കിന്റെ ലൈഫ് മെമ്പര്‍ ആയ അദ്ദേഹം സമാജത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ കൂടിയാണ്. ന്യൂ യോര്‍ക്കിലുള്ള മിക്ക അസ്സോസിയേഷനുമായും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മത്തായി ചാക്കോ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്റെ (എച്ച്വിഎംഎ) പ്രസിഡന്റായും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായും രണ്ട് തവണ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് . കൂടാതെ ഈ അസോസിയേഷന്റെ ഔദ്യോഗിക മാസികയായ കേരള ജ്യോതിയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഫൊക്കാന റീജിയന്‍ കണ്‍വെന്‍ഷന്‍ നടത്താന്‍ അദ്ദേഹം മുന്‍കൈയെടുക്കുകയും അത് വന്‍ വിജയമാക്കുകയും ചെയ്തു.
യോങ്കേഴ്സിലെ സെന്റ് ജോസഫ്‌സ് മെഡിക്കല്‍ സെന്ററില്‍ നിരവധി ഡിപ്പാര്‍ട്ട്മെന്റുകളുടെ ചുമതലയുള്ള പേഷ്യന്റ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടറും സഫേണിലെ രാമപോ ഓര്‍ത്തോപീഡിക്സ് അസോസിയേറ്റ്സിന്റെ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് സ്ഥാനങ്ങളില്‍ ഉപ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമൂഹിക സേവനത്തില്‍ വളരെ സജീവമായ അദ്ദേഹം വിവിധ സംഘടനകളില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ ലയണ്‍സ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്ട് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അമേരിക്കന്‍ മലയാളിയാണ് അദ്ദേഹം. ഇപ്പോള്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണേഴ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. പുതിയ ലയണ്‍സ് ഓഫീസര്‍മാരെ പരിശീലിപ്പിക്കുന്നതിനുള്ള ജില്ലാ ട്രൈനിംഗ് കോര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം.
നല്ലൊരു മജീഷ്യന്‍ കൂടിയായ അദ്ദേഹം ഫൊക്കാന കണ്‍വന്‍ഷന്‍, മലയാളി അസോസിയേഷന്‍ പരിപാടികള്‍ തുടങ്ങി വിവിധ പരിപാടികളില്‍ മാജിക് ഷോകള്‍ അവതരിപ്പിച്ചു ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ വ്യക്തിത്വമാണ്.
ഭാര്യ ഉഷ ചാക്കോ ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ന്യൂയോര്‍ക്ക് കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.
മാറ്റങ്ങള്‍ സംഘടനകളില്‍ ആവശ്യമാണ്. ഫൊക്കാനയില്‍ ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങള്‍ക്ക് തയാര്‍ എടുക്കുമ്പോള്‍, മത്തായി ചാക്കോയുടെ പ്രവര്‍ത്തന പരിചയം സംഘടനക്ക് ഒരു മുതല്‍കൂട്ടാവും തീര്‍ച്ചയായും അദ്ദേഹം സമൂഹത്തിനും ഫൊക്കാനയ്ക്കും ഒരു മുതല്‍ക്കൂട്ടായിരിക്കും.
മത്തായി ചാക്കോയുടെ അനുഭവ സമ്പത്തിനും കഴിവിനും കിട്ടുന്ന അംഗീകാരമാണ്. മാറ്റങ്ങള്‍ക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയില്‍ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ന്യൂ യോര്‍ക്ക് റീജിയനില്‍ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തില്‍ മത്തായി ചാക്കോയെ പിന്തുണക്കുന്നു. കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ആയി മത്സരിക്കുന്ന ജോയി ചക്കപ്പന്‍, എക്‌സി. പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രവീണ്‍ തോമസ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി മനോജ് ഇടമന, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പ് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി രേവതി പിള്ള, നാഷണല്‍ കമ്മിറ്റി മെംബേഴ്സ് ആയ സോണി അമ്പൂക്കന്‍, ഷിബു എബ്രഹാം സാമുവേല്‍, ഗ്രേസ് ജോസഫ്, അരുണ്‍ ചാക്കോ , രാജീവ് കുമാരന്‍, ലതാ മേനോന്‍, മേരി ഫിലിപ്പ്, മേരികുട്ടി മൈക്കിള്‍, മനോജ് മാത്യു, ഡോ. ഷൈനി രാജു, സിജു സെബാസ്റ്റിയന്‍, ജോര്‍ജി വര്‍ഗീസ്, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ആയി സതിഷ് നായര്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിന്‍ഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേല്‍, ധീരജ് പ്രസാദ്, ജോസി കാരക്കാട് എന്നിവര്‍ മത്തായി ചാക്കോയ്ക്ക് വിജയാശംസകള്‍ നേര്‍ന്നു.