
ഫ്ലോറിഡ: പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി യുഎസിലെ ഏറ്റവും നിയന്ത്രിത സോഷ്യല്‍ മീഡിയ നിരോധനങ്ങളിലൊന്ന് ഇനി ഫ്ലോറിഡയിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ബില്ലില്‍ ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് തിങ്കളാഴ്ച ഒപ്പുവച്ചു.
14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിക്കുകയും 14-ഉം 15-ഉം വയസ്സുള്ള കുട്ടികള്‍ക്ക് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമായി വരികയും ചെയ്യും ഇനി. റിപ്പബ്ലിക്കന്‍ സ്പീക്കര്‍ പോള്‍ റെന്നറുടെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മ്മാണ മുന്‍ഗണനയായിരുന്നു പുതിയ നിയമം. ജനുവരി ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.
‘വളര്‍ച്ചയുടെ ഘട്ടത്തിലുള്ള കുട്ടികള്‍ക്ക് ഈ ആസക്തി നിറഞ്ഞ സാങ്കേതികവിദ്യകളിലേക്ക് തങ്ങള്‍ വലിച്ചെറിയപ്പെടുന്നുവെന്ന് അറിയാനും അതിന്റെ ദോഷം മനസിലാക്കാനും അതില്‍ നിന്ന് പിന്മാറാനുമുള്ള കഴിവില്ലെന്നും, അതിനാല്‍ നമ്മള്‍ അവര്‍ക്ക് വേണ്ടി ചുവടുവെക്കണമെന്നും’ ജാക്‌സണ്‍വില്ലെ സ്‌കൂളില്‍ നടന്ന ബില്‍ ഒപ്പിടല്‍ ചടങ്ങില്‍ പോള്‍ റെന്നര്‍ പറഞ്ഞു.
ഈ നടപടിയെ പിന്തുണച്ച ഭൂരിഭാഗം റിപ്പബ്ലിക്കന്‍മാരില്‍ ചില ഡെമോക്രാറ്റുകളും ചേര്‍ന്നതോടെ ബില്‍ ഇരുസഭകളിലും പാസായി. എന്നാല്‍, ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും എതിരാളികള്‍ വാദിച്ചു.
social media ban for minors; Florida Governor Ron DeSantis signs the bill