
ലണ്ടൻ: ലോകം ഉറ്റുനോക്കിയ യു കെ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞപ്പോൾ മലയാളികൾക്കും അഭിമാന നിമിഷം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി എം പിയായി എന്നതാണ് മലയാളക്കരക്ക് അഭിമാനമേക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ അട്ടിമറി നടത്തിക്കൊണ്ട് കോട്ടയം കൈപ്പുഴക്കാരന്‍ സോജന്‍ ജോസഫാണ് ബ്രിട്ടീഷ് പാർലമെന്റിലേക്ക് എത്തുന്നത്. നഴ്സായ സോജന്‍ ജോസഫ് ആഷ്‌ഫോര്‍ഡ് സീറ്റിലാണ് പുതിയ ചരിത്രം എഴുതിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മണ്ഡലത്തെ തറവാട്ട് സ്വത്തു പോലെ കയ്യടക്കിയിരുന്ന കണ്‍സര്‍വേറ്റീവ് പാർട്ടിയിലെ കരുത്തൻ ഡാമിയന്‍ ഗ്രീനിനെയാണ് അട്ടിമറിച്ചത്.
ഡാമിയന്‍ ഗ്രീനിന്റെ രാഷ്ട്രീയ ജീവിതത്തിനു കൂടിയാണ് സോജൻ അന്ത്യം കുറിച്ചെന്നാണ് വിലയിരുത്തലുകൾ. കണ്‍സര്‍വേറ്റീവ് പാർട്ടി നയിച്ച സര്‍ക്കാരുകളില്‍ ഉപ പ്രധാനമന്ത്രിയുടെ ചുമതല പോലുള്ള വലിയ പദവികള്‍ വഹിച്ചിട്ടുള്ള ഡാമിയനെ ലേബര്‍ പാര്‍ട്ടിയില്‍ പോലും ജൂനിയറായ മലയാളി സോജൻ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കുകയായിരുന്നു.15,262 വോട്ടുകള്‍ നേടി സോജന്‍ വിജയം ഉറപ്പിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീന്‍ നേടിയത് 13483 വോട്ടുകളാണ്. തൊട്ടു പിന്നില്‍ റീഫോം യുകെയുടെ ട്രിട്രാം കെന്നഡി ഹാര്‍പ്പറാണ് എത്തിയത്. 10,141 വോട്ടുകളാണ് കെന്നഡി നേടിയത്.
കോട്ടയം കൈപ്പുഴക്കാരനായ സോജന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെയും 20 വര്‍ഷമായി പാര്‍ട്ടി യൂണിയനായ യൂനിസന്റെയും സജീവ പ്രവര്‍ത്തകനാണ്. എന്‍എച്ച്എസില്‍ മേട്രണ്‍ ആയി ജോലി ചെയ്യുന്ന സോജന്‍ തനിക്കു കിട്ടുന്ന എല്ലാ അവസരങ്ങളിലും മലയാളി നഴ്‌സുമാരുടെ പ്രശ്നങ്ങളടക്കം യു കെയില്‍ ഉടനീളം ഉയര്‍ത്തിപിടിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തി കൂടിയാണ്.