
വാഷിങ്ടൺ: വടക്കേ അമേരിക്കയിൽ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് ദൃശ്യമാകും. വിമാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ രംഗത്തെത്തി. എല്ലാ ആഭ്യന്തര ഐഎഫ്ആർ ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടൽ, ഷെഡ്യൂളിലെ മാറ്റങ്ങൾ എന്നിവയ്ക്കായി തയ്യാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ എയർ ട്രാഫിക്കിനും എയർപോർട്ടുകൾക്കും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ചും പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകി.
ഗ്രേറ്റ് നോർത്ത് അമേരിക്കൻ സൂര്യഗ്രഹണം എന്നാണ് നാസ വിശേഷിപ്പിച്ചത്. യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം വടക്കേ അമേരിക്ക കടക്കുമെന്നും വിമാന ഗതാഗതത്തെ ബാധിക്കുമെന്നും എഫ്എഎ അറിയിച്ചു. എന്നാൽ ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും.
ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും. സമ്പൂർണ സൂര്യഗ്രഹണത്തെത്തുടർന്ന് അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് സ്കൂളുകൾ ഏപ്രിൽ 8-ന് അടച്ചിടും.
Solar Eclipse 2024: US Aviation Agency Issues Travel Warning