‘കോൺഗ്രസിന് നൂറിൽ 99 അല്ല, 543ൽ ആണ് 99 കിട്ടിയത്’; മൂന്നാം വട്ടവും തോറ്റതിന്റെ വേദനയാണ് ചിലർക്കെന്ന് മോദി

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടപടികള്‍ക്കൊടുവില്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ തിരഞ്ഞെടുത്തു. ചില ആളുകളുടെ വേദന തനിക്ക് മനസിലാകും. തുടര്‍ച്ചയായി നുണകള്‍ പ്രചരിപ്പിച്ചിട്ടും അവര്‍ക്ക് വലിയ പരാജയം നേരിടേണ്ടിവന്നുവെന്നു അദ്ദേഹം പറഞ്ഞു. എൻഡിഎ സർക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തീപ്പൊരി പ്രസംഗത്തിനു പിന്നാലെ സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വികസിത ഭാരതത്തിനായുള്ള സര്‍ക്കാരിന്റെ നിശ്ചദാര്‍ഢ്യത്തെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി ആമുഖമായി പറഞ്ഞു. ദ്രൗപദി മുര്‍മു പ്രധാനപ്പെട്ട വിഷയങ്ങളില്‍ സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിനെ പരിഹസിച്ച മോദി, ലോക്സഭ തിരഞ്ഞെടുപ്പിൽ നൂറിൽ 99 അല്ല, 543ലാണ് കോൺഗ്രസിന് 99 സീറ്റ് ലഭിച്ചതെന്ന് ഓർമിപ്പിച്ചു.

“ഞങ്ങളുടെ ഏക ലക്ഷ്യം രാജ്യം ഒന്നാമത് എന്നതാണ്. ഭാരതമാണ് സർവപ്രധാനം. ഞങ്ങളുടെ എല്ലാ നീതിയും എല്ലാ തീരുമാനങ്ങളും എല്ലാ പ്രവർത്തനങ്ങളും ഈ ലക്ഷ്യത്തിന് വേണ്ടിയായിരിക്കും.പത്തുവർഷം കൊണ്ട് 25 കോടി പാവപ്പെട്ടവർ ദാരിദ്ര്യത്തിൽനിന്ന് പുറത്തുവന്നു. രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ കാരണമാണ് ജനങ്ങൾ ഞങ്ങളെ വീണ്ടും തിരഞ്ഞെടുത്തത്. 2014ൽ ആദ്യമായി ജയിച്ചപ്പോൾ പറഞ്ഞത് ഞങ്ങളുടെ സർക്കാർ അഴിമതി തുടച്ചുനീക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും നടത്തില്ലെന്നാണ്. ആ വാക്ക് പാലിച്ചതിനാലാണ് ജനങ്ങൾ വീണ്ടും ഞങ്ങളെ ജയിപ്പിച്ചത്. ആഗോളതലത്തിൽ ഇന്ത്യയെ ബഹുമാനത്തോടെയാണ് ഇന്ന് വീക്ഷിക്കുന്നത്. അത് ഓരോ ഇന്ത്യൻ പൗരനും അനുഭവിക്കുന്നു,” മോദി പറഞ്ഞു.

അതേസമയം, മണിപ്പൂര്‍… മണിപ്പൂര്‍… എന്ന് മുദ്രാവാക്യം ഉയര്‍ത്തി പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഉടനീളം പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. അംഗങ്ങളോട് സഭയുടെ നടുത്തളത്തില്‍ ഇറങ്ങാന്‍ നിര്‍ദേശിച്ചതിന് സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ശാസിച്ചു. ‘ഏകാധിപത്യം അനുവദിക്കില്ല’, ‘മണിപ്പൂരിന് നീതി’ എന്നീ മുദ്രാവാക്യങ്ങളും നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി.

More Stories from this section

family-dental
witywide