ഇൻഷുറൻസ് പണം ലഭിക്കാൻ മകൻ പിതാവിനെ കൊന്നു, പിതാവിൻ്റെ പേരിൽ പോളിസി എടുത്തത് മകൻ തന്നെ

മൈസൂരു: ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ പിതാവിനെ കൊന്ന മകൻ അറസ്റ്റിൽ. കർണാടകയിലെ പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പയെ (60) കൊലപ്പെടുത്തിയ മകൻ പാണ്ഡുവിനെ (27) പൊലീസ് ശനിയാഴ്ച അറസ്റ്റുചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. ഡിസംബർ 26-ന് അച്ഛൻ വാഹനാപകടത്തിൽ മരിച്ചെന്ന് പാണ്ഡു ബൈലകുപ്പ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ചു.

പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മൃതദേഹം കണ്ടെത്തി, ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റ്മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. പുറകിൽനിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണം.

പൊലീസിന്റെ ചോദ്യംചെയ്യലിൽ പാണ്ഡു കുറ്റം സമ്മതിച്ചു. ഡിസംബർ 25-ന് അണ്ണപ്പയെ കൊലപ്പെടുത്തി മൃതദേഹം വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞമാസം പാണ്ഡുതന്നെയാണ് അച്ഛന്‍റെ പേരിൽ 15 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസിയെടുത്തത്. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.

Also Read

More Stories from this section

family-dental
witywide