ന്യൂഡൽഹി: മകൾ പ്രിയങ്കാ ഗാന്ധി വദ്രയ്ക്ക് ബാറ്റൺ കൈമാറി കോൺഗ്രസിസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഒരു രാജ്യസഭാ സീറ്റിലേക്ക് സോണിയയെ നാമനിർദ്ദേശം ചെയ്തേക്കും. റായ്ബറേലിയിലെ കോൺഗ്രസിന്റെ കുത്തക സീറ്റിൽ നിന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രിയങ്ക ഗാന്ധി വദ്രയുടെ ആദ്യ തെരഞ്ഞെടുപ്പാണിത്.
സോണിയാ ഗാന്ധി വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജയ്പൂരിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭയിലേക്കു സോണിയയെ പരിഗണിക്കുന്നത്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മാറ്റമായിരിക്കും. 2006 മുതൽ സോണിയ ഗാന്ധി ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധീകരിക്കുന്നുണ്ട്. 2019-ൽ കോൺഗ്രസിന്റെ പ്രകടനം ഏറ്റവും താഴ്ന്ന നിലയിലായിരുന്നപ്പോഴും രാഹുൽ ഗാന്ധിക്ക് ഉത്തർപ്രദേശിലെ അമേഠി നഷ്ടമായപ്പോഴും സോണിയ സീറ്റ് നിലനിർത്തിയിരുന്നു.
പ്രിയങ്ക ഗാന്ധി വധേരയെ സംബന്ധിച്ചിടത്തോളം ഇത് സുരക്ഷിതമായ സീറ്റായാണ് കാണുന്നത്. 1950 മുതൽ കോൺഗ്രസിൻ്റെ കോട്ടയായ ഈ മണ്ഡലം ആദ്യമായി പ്രതിനിധീകരിച്ചത് പ്രിയങ്കയുടെ മുത്തച്ഛൻ ഫിറോസ് ഗാന്ധിയാണ്.