
ഈയടുത്തായി ലിങ്ക്ഡിനില്‍ വന്ന ഒരു ജോലി പരസ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നോയിഡ ആസ്ഥാനമായുള്ള ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മൗനീ കണ്‍സള്‍ട്ടിംഗ് സര്‍വീസസാണ് പരസ്യം നല്‍കിയത്. ദക്ഷിണേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ ജോലിക്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് പരസ്യം നല്‍കിയത്. വിവേചനപരമായ ജോലി ലിസ്റ്റിംഗ് ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തതിന് കമ്പനിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
തങ്ങളുടെ കമ്പനിയിലേക്കുള്ള ഡാറ്റാ അനലിസ്റ്റ് ജോലിക്ക് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യരല്ലെന്ന് പരസ്യത്തില്‍ പറയുന്നുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഹിന്ദി ഭാഷയില്‍ പ്രാവീണ്യം വേണമെന്ന് യോഗ്യതാ മാനദണ്ഡങ്ങളില്‍ എടുത്തു പറയുന്നതായിരിക്കാം ഇതിനു കാരണമെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
4 വര്‍ഷത്തിലധികം അനുഭവപരിചയവും ഓഹരി ഉടമകളുമായി സഹകരിക്കുന്നതും ഡാറ്റാ സൊല്യൂഷനുകള്‍ ഡെലിവറി ചെയ്യുന്നതും പോലെയുള്ള ഉത്തരവാദിത്തങ്ങളും യോഗ്യതയായി പറയുന്നുണ്ട്. ഏറ്റവും ഒടുവിലായാണ് ദക്ഷിണേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്നത്.
വിവേചനം കാണിക്കുന്നുവെന്നും പ്രാദേശിക വിദ്വേഷം കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി പേര് പോസ്റ്റ് ഏറ്റെടുക്കുകയും ചെയ്തു. വെറുപ്പുളവാക്കുന്ന പോസ്റ്റെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതിനിടെ
ദക്ഷിണേന്ത്യക്കാര്‍ ഹിന്ദി പഠിക്കാന്‍ താത്പര്യം കാണിക്കാത്തത് കൊണ്ട് മാറ്റി നിര്ത്തപ്പെടുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.