തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡിജിപി റിപ്പോർട്ട് നൽകിയിരുന്നു.
പിവി അന്‍വര്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് നടപടി. സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരുന്നു. മലപ്പുറം മുന്‍ എസ് പി ആയിരുന്നു സുജിത് ദാസ്.
മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്. ഇത് വിവാദമായതിന് പിന്നാലെ സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ രംഗത്തെത്തി. വിക്കറ്റ് നമ്പര്‍ 1., ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നാണ് അന്‍വർ ഫേസ്ബുക്കിൽ കുറിച്ചത്.













