‘സ്‌പേസ് പൊട്ടറ്റോ’…ഉരുളക്കിഴങ്ങല്ല, ചൊവ്വയുടെ ഉപഗ്രഹമാണിത്…

ശാസ്ത്ര പ്രേമികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പങ്കുവയ്ക്കുന്ന വിവിധ പ്രപഞ്ച ചിത്രങ്ങളും വിശേഷങ്ങളും അറിവുകളും എന്നും ഹരമാണ്. നമ്മുടെ പ്രപഞ്ചത്തില്‍ നിന്നുള്ള അതിശയകരമായ ചിത്രങ്ങള്‍ പതിവായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് നാസ. അത്തരത്തില്‍ അടുത്തിടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വലയത്തില്‍പ്പെട്ടിരിക്കുന്നത്.

‘സ്‌പേസ് പൊട്ടറ്റോ’ എന്ന പേരിൽ നാസ പങ്കുവെച്ച ചിത്രം ഒറ്റനോട്ടത്തില്‍ ഒരു ഉരുളക്കിഴങ്ങാണെന്ന് തോന്നുമെങ്കിലും സംഗതി അതുക്കും ഒരുപാട് മേലെയാണ്. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതായ ഫോബോസിന്റെതാണ് ഈ ചിത്രം. ഇത് പകര്‍ത്തിയതോ, മറ്റൊരു ഗ്രഹത്തിലേക്ക് ഇതുവരെ അയച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ക്യാമറയും! മാസ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ സ്പേസ്‌ക്രാഫ്റ്റിലുള്ള ‘ഹിരിസെ’ ക്യാമറ ഉപയോഗിച്ചാണ് ഫോബോസിന്റെ ഈ അത്യപൂര്‍വ്വമായ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ഫോബോസിന് വലുപ്പം കുറവായതിനാല്‍ ഗുരുത്വാകര്‍ഷണവും ഇല്ല. ഫോബോസിന് ഏകദേശം 17 x 14 x 11 മൈല്‍ (27 x 22 x 18 കിലോമീറ്റര്‍) വ്യാസമേ ഉള്ളൂ. ഫോബോസ് ചൊവ്വയുമായി അടുത്തുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അത് ഉടനെ സംഭവിക്കില്ലെന്നും നാസ വ്യക്തമാക്കുന്നു. ഓരോ നൂറുവര്‍ഷവും ആറടി (1.8 മീറ്റര്‍) എന്ന നിരക്കില്‍ ഇത് ചൊവ്വയിലേക്ക് അടുക്കുകയാണ്. കണക്കുകള്‍ പ്രകാരം, 50 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ചൊവ്വയുമായി ഫോബോസ് ചൊവ്വയുമായി കൂട്ടിയിക്കുമെന്നും നാസ പറയുന്നു.