
വാഷിംഗ്‌ടൺ: അമേരിക്കയിലെ ഡെമോക്രാറ്റിക് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി ശതകോടിശ്വരൻ ഇലോൺ മസ്ക് രംഗത്ത്. സ്‌പേസ് എക്‌സിന്റെ ചൊവ്വയിലേക്കുള്ള സ്റ്റാര്‍ഷിപ്പ് ദൗത്യങ്ങള്‍ പോലെയുള്ള അമേരിക്കയിലെ വന്‍കിട പദ്ധതികളെയെല്ലാം ഇപ്പോൾ തന്നെ ചുവപ്പുനാട ബാധിക്കുന്നുണ്ടെന്നും കമല ഹാരിസ് അധികാരത്തിലേറിയാൽ ഭീഷണി വർധിക്കുമെന്നും മസ്‌ക് പറഞ്ഞു. സ്‌പേസ് എക്‌സിന്റെ ചൊവ്വയിലേക്കുള്ള സ്റ്റാര്‍ഷിപ്പ് ദൗത്യങ്ങള്‍ക്ക് കമലാ ഹാരിസ് ഭരണകൂടം ഭീഷണിയാവുമെന്നും ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
ഭാവി സ്റ്റാര്‍ഷിപ്പ് ദൗത്യങ്ങള്‍ നടക്കണമെങ്കില്‍ ഡെമോക്രാറ്റിക് ഭരണകൂടം യുഎസില്‍ വീണ്ടും അധികാരമേല്‍ക്കരുതെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. കമലയാണ് അധികാരത്തിലലേറുന്നതെങ്കിൽ ഭരണത്തെ കുറിച്ച് വളരെയധികം ആശങ്കയുണ്ടെന്ന് പറഞ്ഞ മസ്‌ക് അമേരിക്കയെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഒരു ബ്യൂറോക്രസി ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണത്തിന് കീഴില്‍ വളരുമെന്ന് ഉറപ്പാണെന്നും ഇത് ചൊവ്വാ ദൗത്യങ്ങളെ ഇല്ലാതാക്കുമെന്നും മനുഷ്യരാശിയെ നശിപ്പിക്കുമെന്നും വിവരിച്ചു. അത് സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്നും മസ്‌ക് പറഞ്ഞു.
രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് ആളില്ലാ സ്റ്റാര്‍ഷിപ്പ് ദൗത്യങ്ങള്‍ വിക്ഷേപിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നതെന്ന് മസ്‌ക് വിവരിച്ചു. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും എത്തുന്ന എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാര്‍ഷിപ്പുകള്‍ വിക്ഷേപിക്കാനാണ് ശ്രമമെന്നും മസ്ക് വ്യക്തമാക്കി.
ബഹിരാകാശ സഞ്ചാരിയാകാന്‍ ആഗ്രഹിക്കുന്ന ആരെയും ചൊവ്വയിലേക്ക് പോവാന്‍ പ്രാപ്തരാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിവരിച്ചു. അതിസാഹസികത ഇഷ്ടപ്പെടുന്ന ആർക്കും അതിന് സാധിക്കുമെന്നും മസ്‌ക് പറഞ്ഞു. ക്രമേണ ആയിരക്കണക്കിന് സ്റ്റാര്‍ഷിപ്പുകള്‍ ചൊവ്വയിലേക്ക് പോവും. മഹത്തരമായ കാഴ്ചയായിരിക്കും അതെന്നും മസ്ക് അഭിപ്രായപ്പെട്ടു.