
സ്‌പേസ് എക്‌സിൻ്റെയും സോഷ്യൽ മീഡിയ കമ്പനിയായ എക്‌സിൻ്റെയും ആസ്ഥാനം കാലിഫോർണിയയിൽ നിന്ന് ടെക്‌സാസിലേക്ക് മാറ്റുകയാണെന്ന് കോടീശ്വരൻ ഇലോൺ മസ്‌ക്. കാലിഫോർണിയയിലെ ഹാത്തോണിൽ നിന്ന് ടെക്‌സാസിലെ കമ്പനിയുടെ റോക്കറ്റ് വിക്ഷേപണ സൈറ്റായ സ്റ്റാർബേസിലേക്ക് SpaceX മാറ്റാൻ താൻ പദ്ധതിയിടുന്നതായി ചൊവ്വാഴ്ച മസ്‌ക് എക്സിൽ പോസ്റ്റ് ചെയ്തു. എക്സ് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഓസ്റ്റിനിലേക്ക് മാറും.
സ്ഥലം വിടുന്നതിനു മുമ്പ് കാലിഫോർണിയ ഗവർണറെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടു കൂടി എലോൺ മസ്ക് രംഗത്തു വന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം തിങ്കളാഴ്ച ഒപ്പിട്ട ഒരു പുതിയ നിയമം മൂലം എല്ലാ മാതാപിതാക്കളും കുട്ടികളേയും കൊണ്ട് സ്ഥലം വിടാൻ ആഗ്രഹിക്കുന്നു എന്നാണ് മസ്ക് പറയുന്നത്.
കുട്ടികളുടെ അനുവാദമില്ലാതെ ഒരു വിദ്യാർത്ഥിയുടെ ജെൻഡർ ഐഡൻ്റിറ്റിയോ സെക്ഷ്വൽ ഓറിയൻ്റേഷനോ മാതാപിതാക്കൾ ഉൾപ്പെടെ ആരോടും വെളിപ്പെടുത്താൻ പാടില്ല എന്നാണ് പുതിയ സ്കൂൾ നിയമം. ഇത്തരം വിവരങ്ങൾ നൽകുന്നതിൽ നിന്ന് അധ്യാപകരേയും മറ്റ് സ്കൂൾ ജീവനക്കാരേയും വിലക്കിയിട്ടുണ്ട്.
“ഇത്തരത്തിലുള്ള നിയമങ്ങൾ കുടുംബങ്ങളെയും കമ്പനികളെയും അവരുടെ കുട്ടികളെ സംരക്ഷിക്കാൻ കാലിഫോർണിയ വിട്ടുപോകാൻ പ്രേരിപ്പിക്കുമെന്ന് ഞാൻ ഒരു വർഷം മുമ്പ് ഗവർണർ ന്യൂസോമിനോട് വ്യക്തമാക്കിയിരുന്നു,” മസ്‌ക് എഴുതി.
മസ്‌ക് സിഇഒ ആയ ടെസ്‌ല അതിൻ്റെ കോർപ്പറേറ്റ് ആസ്ഥാനം 2021-ൽ കാലിഫോർണിയയിലെ പാലോ ആൾട്ടോയിൽ നിന്ന് ഓസ്റ്റിനിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന വ്യക്തിഗത ആദായനികുതി ഇല്ലാത്ത കാലിഫോർണിയയിൽ നിന്ന് ടെക്‌സസിലേക്ക് താമസം മാറ്റിയതായും മസ്‌ക് പറഞ്ഞു.
SpaceX, X headquarters are moving from California to Texas